Latest Updates

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറി എന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാഹുല്‍ മാക്കൂട്ടത്തിലില്‍ നിന്ന് രാജി എഴുതിവാങ്ങാന്‍ കെപിസിസി നേതൃത്വത്തിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് നല്‍കിയ പരാതികളും ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളും കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് ഹൈക്കമാന്‍ഡ് കടന്നത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തിലിന് അടുത്ത തെരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റ് നല്‍കേണ്ടതില്ലെന്നും ഹൈക്കാന്‍ഡ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ ഒട്ടനവധി പരാതികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതില്‍ സംഘടനയില്‍ നിന്നുള്ള വനിതാ പ്രവര്‍ത്തകരുടെ അടക്കം ഉള്‍പ്പെടുന്നതായാണ് വിവരം. ഇപ്പോള്‍ സ്ത്രീകളോട് മോശമായി പെരുമാറി എന്ന തരത്തില്‍ വെളിപ്പെടുത്തലുകള്‍ കൂടി പുറത്തുവന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി നടപടികള്‍ ഹൈക്കമാന്‍ഡ് നടപടികള്‍ കടുപ്പിച്ചത്. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരട്ടപ്പദവിയാണ് വഹിക്കുന്നത്. എംഎല്‍എ പദവിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്. എംഎല്‍എ ആയതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റുന്നതിനെ കുറിച്ച് നേതൃതലത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റി മുഖം രക്ഷിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുന്നത് അടക്കമുള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റണമെന്ന തരത്തില്‍ നേതാക്കളുടെ ഇടയില്‍ നിന്ന് തന്നെ അഭിപ്രായവും ഉയര്‍ന്നിരുന്നു.

Get Newsletter

Advertisement

PREVIOUS Choice